സ്ത്രീ ശാക്തീകരണം, ഉത്തരവാദിത്തമുള്ള നികുതിദായകൻ, യുവജനങ്ങൾക്കായി ചെയ്യുന്ന പ്രവർത്തനങ്ങൾ, വിശപ്പ് രഹിത സമൂഹം.... ഇത്തവണ ചുറ്റുവട്ടം അവാർഡിനായി പരിഗണിച്ചിരിക്കുന്ന വിഷയങ്ങൾ ഇവയൊക്കെയാണ്. ഇവ ഓരോന്നിലും റസിഡന്റ്സ് അസോസിയേഷനുകൾക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും?

  1. വിശപ്പുരഹിത സമൂഹം

    സമൂഹം ഇത്ര പുരോഗമിച്ചിട്ടും ചെറുതല്ലാത്തൊരു ശതമാനം ആളുകൾ ഇപ്പോഴും വിശപ്പിന്റെ കാഠിന്യം അനുഭവിക്കുന്നുണ്ട്. ഇതൊഴിവക്കാൻ റസിഡന്റ്സ് അസോസിയേഷനുകൾ എന്താണ് ചെയ്യുന്നത്? തന്റെ ചുറ്റിലുള്ളവന്റെ വിശപ്പ് മാറ്റാൻ ഒാരോരുത്തരും തീരുമാനിച്ചാൽ വിശപ്പുരഹിത സമൂഹവും കേരളവും ഉണ്ടാകും. അതുപോലെ ഭക്ഷണം പാഴാക്കി കളയാതിരിക്കാൻ എന്തൊക്കെ നടപടികളാണ് അസോസിയേഷനുകൾ സ്വീകരിക്കുന്നത്?

  2. മാലിന്യ സംസ്കരണം

    ആധുനിക സമൂഹം നേരിട്ടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മാലിന്യ സംസ്കരണം. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന പ്രശ്നങ്ങൾ നാം എല്ലാ ദിവസവും കാണുന്നതാണ്. ഈ അടുത്തനാളിൽ കൊച്ചി ബ്രഹ്മപുരത്തുണ്ടായ സംഭവം ഓർമില്ലേ? എങ്ങനെ ഈ പ്രശ്നത്തിന് ഒരു മാറ്റം കൊണ്ടുവരാൻ കഴിയും? മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കാൻ റസിഡന്റ്സ് അസോസിയേഷനുകൾക്ക് എന്താണ് ചെയ്യാൻ കഴിയുന്നത്?

  3. മികച്ച നികുതിദായകൻ

    രാജ്യത്തിന്റെ പുരോഗതിക്ക് പൗരൻമാർ നികുതി കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ഉത്തരവാദിത്തമുള്ള നികുതിദായകനാകാൻ റസിഡന്റസ് അസോസിയേഷനുകൾ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്? നമ്മൾ കൊടുക്കുന്ന നികുതി സർക്കാർ ഏത് രീതിയിൽ ഉപയോഗപ്പെടുത്തുന്നുവെന്ന് അസോസിയേഷൻ അംഗങ്ങളെ ബോധവൽകരിക്കാറുണ്ടോ? നികുതി കൊടുക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ടോ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസായ നികുതിയുടെ നേട്ടങ്ങൾ മനസിലാക്കികൊടുക്കാൻ അസോസിയേഷനുകൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യാറുണ്ട്?

  4. സ്ത്രീശാക്തീകരണം

    നമ്മുടെ സമൂഹത്തിലെ സ്ത്രീ ശാക്തീകരണത്തിന് പലതരത്തിലുള്ള നിർവചനങ്ങളുണ്ട്. സ്ത്രീകളുടെ കാഴ്ചപ്പാടുകൾ സ്വീകരിക്കുക, വിദ്യാഭ്യാസം, പരിശീലനം എന്നിവയിലൂടെ സ്ത്രീകളുടെ പദവി ഉയർത്തുക എന്നിങ്ങനെ പല തരത്തിൽ ഇതു നിർവചിക്കാം. അങ്ങനെയെങ്കിൽ നിങ്ങളുടെ റസിഡൻസ് അസോസിയേഷനിലെ വനിതകളുടെ ഉന്നമനത്തിനായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്? സ്ത്രീകൾക്ക് വരുമാനം ഉറപ്പാക്കാൻ ചെയ്യുന്ന കാര്യങ്ങൾ, നല്ല വിദ്യാഭ്യാസം കൊടുക്കാൻ ചെയ്യുന്ന പ്രവർത്തനങ്ങൾ, തൊഴിൽ കണ്ടെത്താൻ ചെയ്യുന്ന പ്രോത്സാഹനങ്ങൾ തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണ്.

  5. മികച്ച യുവജന പദ്ധതികൾ

    രാജ്യത്തിന്റെ സമ്പത്താണ് എന്നും യുവജനങ്ങൾ. ഇവരുടെ കഴിവും ആരോഗ്യവും പരിരക്ഷിക്കാൻ എന്തൊക്കെ ചെയ്യാറുണ്ട് റസിഡന്റ്സ് അസോസിയേഷനുകൾ? യുവജനങ്ങൾക്ക് കലാ–കായിക രംഗത്തേക്ക് വരാൻ എന്തൊക്കെ പ്രോത്സാഹനങ്ങൾ കൊടുക്കാറുണ്ട്. പുതിയ ലോകത്ത് വർധിച്ചുവരുന്ന ലഹരിയുടെ സ്വാധീനത്തിൽനിന്ന് യുവജനങ്ങളെ അകറ്റിനിർത്താൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടോ? അതുപോലെ കുട്ടികളുടെ മൊബൈൽ ഫോൺ അഡിക്ഷൻ കുറച്ചുകൊണ്ടുവരാൻ അസോസിയേഷൻ എന്തൊക്കെ ചെയ്യാറുണ്ട്?